Friday, November 6, 2009

കേന്ദ്ര വനാവകാശ നിയമം കേരളം അട്ടിമറിക്കുന്നു !!


തിരുവനന്തപുരം: ആദിവാസികള്‍ വര്‍ഷങ്ങളായി കൈവശം വച്ചുപോരുന്ന വനഭൂമി അവര്‍ക്ക് അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി പാസ്സാക്കിയ ദേശീയ വനാവകാശ നിയമം അട്ടിമറിക്കാന്‍ കേരളം ശ്രമിക്കുന്നു. വനാവകാശനിയമ പ്രകാരം ആദിവാസികളില്‍ നിന്നും ലഭിച്ച 13000 ഓളം അപേക്ഷകളില്‍ ഒരേക്കറില്‍ താഴെ ഭൂമി ആവശ്യപ്പെട്ടവരുടെ അപേക്ഷകള്‍ തിരിച്ചു നല്‍കി കൂടുതല്‍ വനഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന മന്ത്രിതല തീരുമാനമാണ് ഇപ്പോള്‍ വനാവകാശ നിയമത്തിന്റെ നടത്തിപ്പ് അട്ടിമറിക്കുന്നത്. പിന്നോക്ക, റവന്യു , വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ 2009 ഓഗസ്റ്റ്‌ 23-ം തീയതി തിരുവനന്തപുരം തൈക്കാട്ട് ഗവ: ഗസ്റ്റ്‌ ഹൌസില്‍ നടന്ന ഉന്നത തല യോഗത്തില്‍ ആണ് നിയമം ദുരുപയോഗപ്പെടുത്തി കൂടുതല്‍ വനഭൂമി നല്‍കാനുള്ള ശ്രമമെന്ന വ്യാജേന വനാവകാശം അട്ടിമറിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് സംബന്ധിച്ച മിനുട്സ് ഇറങ്ങിയത്‌ 29 നാണ്. (16123/D2/08/SCSTDD)
വര്‍ഷങ്ങളായി ആദിവാസികള്‍ കൈവശം വെച്ച് അനുഭവിക്കുന്ന വനഭൂമിക്ക് മാത്രമാണ് പുതിയ നിയമം വഴി അവകാശം ലഭിക്കുക. ഇത്തരത്തില്‍ ലഭിച്ച അപേക്ഷകള്‍ തിരികെ നല്‍കി വ്യാജ അവകാശം ചോദിച്ചു വീണ്ടും അപേക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ പറയുന്നത്. ഇത് നടപടികള്‍ താമസിപ്പിക്കാനും ഒട്ടേറെ നിയക്കുരുക്കുകളില്‍ പെടുത്തി ഭൂമി വിതരണം തടസ്സപ്പെടു
ത്താനുമുള്ള ശ്രമം ആണെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു.

ഡിസംബര്‍ 31 നു മുന്‍പ്‌ ഭൂമി വിതരണം പൂര്‍ത്തിയാക്കണമെന്ന് പ്രധാന മന്ത്രി എല്ലാ സംസ്ഥാനങ്ങളോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം ഏറെക്കുറെ പൂര്‍ത്തിയാക്കിയ കേരളത്തില്‍ ബാക്കിയുള്ളവര്‍ക്കുകൂടി ഭൂമി അനുവദിക്കാനുള്ള അപേക്ഷകള്‍ മുഴുവന്‍ സര്‍ക്കാര്‍ കൈപ്പറ്റിക്കഴിഞ്ഞു. നിയമപ്രകാരമുള്ള ഇപ്പോഴത്തെ അപേക്ഷകള്‍ അനുസരിച്ച് നടപടികളുമായി മുമ്പോട്ടു പോയാല്‍ ഇന്ത്യയില്‍ ഭൂമി വിതരണം പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളത്തിന്‌ ലഭിക്കുമായിരുന്നു. എന്നാല്‍ അപേക്ഷകള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്ന ഈ ഘട്ടത്തിലാണ് ഇത്തരമൊരു നിയമ വിരുദ്ധ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ആദ്യം ഒരേക്കറില്‍ താഴെ വനഭൂമിയില്‍ മാത്രം അവകാശം ഉന്നയിച്ചവര്‍ തന്നെ പിന്നീട് കൂടുതല്‍ ഭൂമിയില്‍ അവകാശം ഉന്നയിക്കുമ്പോള്‍ നിയമവിരുദ്ധമായ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ട്‌. വിഷയം കോടതിയിലെത്തിയാല്‍ നീണ്ടകാലം നിയമയുധമായിരിക്കും ഫലം. മാത്രമല്ല അപേക്ഷകള്‍ വ്യാജമാകുമ്പോള്‍ ഇത്രയും വനഭൂമി നല്‍കാന്‍ സര്‍ക്കാരിനാവുകയുമില്ല. ഇത് നിയമക്കുരുക്കിലെക്കും അത് വഴി ഭൂമി വിതരണം തടസ്സപ്പെടുന്നതിലെക്കും വഴി വെക്കും.

നിയമവിരുദ്ധമായി കൂടുതല്‍ വന ഭൂമി വിട്ടു നല്‍കാന്‍ കഴിയില്ലെന്നും അങ്ങനെ നല്‍കിയാല്‍ തങ്ങള്‍ പ്രതിക്കൂട്ടിലാകുമെന്നും
വനം വകുപ്പുദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
കോടതിയിലൂടെയായാലും വനം വകുപ്പിലൂടെയായാലും ഭൂമി വിതരണം തടസ്സപ്പെടുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. രണ്ടായാലും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് സി.പി.എം.
ആദിവാസികള്‍ക്ക് ഭൂമി കൊടുക്കണമെന്ന് തങ്ങള്‍ക്കു ആഗ്രഹമുണ്ടെന്നും എന്നാല്‍ കോടതി / സി.പി.ഐ സമ്മതിക്കുന്നില്ല എന്നുമുള്ള ന്യായം പരയാമെന്നതാണ് സി.പി.എമ്മിന്റെ കണക്കു കൂട്ടല്‍.
നിയമപ്രകാരമുള്ള രീതിയില്‍ പോയിരുന്നെങ്കില്‍ കേരളത്തിലെ മുഴുവന്‍ ആദിവാസിക്കും ഭൂമി ലഭിക്കുമായിരുന്ന അവസ്ഥയില്‍ നിന്നും
ഫലത്തില്‍, ഒറ്റ അപേക്ഷകന് പോലും ഭൂമി കിട്ടാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സര്‍ക്കാര്‍ തന്നെ ജനങ്ങളെ വ്യാജ അപേക്ഷ നല്‍കാന്‍ നിര്‍ബണ്ടിക്കുക വഴി ആദിവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം ഫലത്തില്‍ കേരളത്തില്‍ മാത്രം നടപ്പാവാതെ പോവും.

No comments: