Sunday, June 27, 2010

വൈദ്യുതി പ്രതിസന്ധി; കാറ്റാണ് മറുപടി - താപനിലയമല്ല.

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടെന്നു മുറവിളി കൂട്ടി വന്‍കിട ഡാമുകള്‍ പണിയാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതിരപ്പിള്ളി സമരത്തോടെ ജലവൈദ്യുത പദ്ധതികളോടുള്ള ജനത്തിന്റെ എതിര്‍പ്പ് മറനീക്കി പുറത്തു വന്നു. അതിനു ശേഷം സര്‍ക്കാര്‍ താപ വൈദ്യുതിയിലെക്ക് തിരിഞ്ഞിരിക്കുകയാണ്. ഡീസലും കല്‍ക്കരിയും കത്തിച്ചു വന്‍ തോതില്‍  മലിനീകരണം സൃഷ്ടിച്ചു ആണ് വിലകൂടിയ താപവൈദ്യുതി നാം ഉണ്ടാക്കാന്‍ പോവുന്നത്. ആളെക്കൊല്ലുന്ന, നാടിന്റെ കുടിവെള്ളം മുട്ടിക്കുന്ന ഇത്തരം ജനവിരുദ്ധ സാങ്കേതികവിദ്യകള്‍ കാലഹരണപ്പെട്ടു എന്ന് ബോധ്യപ്പെടുത്താന്‍  ആണ് ശ്രമം. ഒപ്പം ചെലവും മലിനീകരണവും കുറഞ്ഞ ബദല്‍ ഊര്‍ജ്ജ വികസനം മുന്നോട്ടു വയ്ക്കാനും.

ആഗോള താപനത്തിന്റെ ഈ കാലത്ത് താപ വൈദ്യുതി നിലയങ്ങള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി  ലോകം മുഴുവന്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ കേരളത്തിന്റെ മുന്‍പില്‍ ഒരു വലിയ ബദല്‍ വികസന സാധ്യത തെളിയുന്നുണ്ട്.  അതാണ്‌ കാറ്റ്.  നമ്മുടെ ഏറ്റവും വലിയ വികസന സാധ്യതയായി വളര്‍ത്താന്‍ കഴിയുന്ന ഒന്നാണ് കാറ്റില്‍ നിന്നും ഉള്ള വൈദ്യുതി ഉല്‍പ്പാദനം. 
കാറ്റില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും ലാഭമാണ്, പരിസ്ഥിതി സൌഹൃദമാണ്. മലിനീകരണം ഇല്ല, കുടിയൊഴിപ്പിക്കല്‍ വേണ്ട, തുടര്‍ ചെലവില്ല, സ്ഥലം നഷ്ടപ്പെടില്ല, വനനശീകരണം ഇല്ല, പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ട, കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മുടക്ക് മുതല്‍ തിരിച്ചു കിട്ടും, ഇന്ധന ഉപയോഗ ഇല്ലാത്തതിനാല്‍ ഭാവിയില്‍ വില കൂടില്ല... അങ്ങനെയങ്ങനെ നോക്കിയാല്‍ ഇതില്‍ നേട്ടങ്ങളെ ഉള്ളൂ..  പക്ഷെ സര്‍ക്കാരുകള്‍ ഈ സാധ്യതകളെ കണ്ടില്ലെന്നു നടിക്കുകയാണ്.  തൊട്ടയല്‍ സംസ്ഥാനമായ തമിഴ് നാട് കാറ്റില്‍ നിന്നും 4500 മെഗാവാട്ട് വൈദ്യുതി (കേരളത്തിന്റെ ആകെ ഉപഭോഗത്തിലും ആയിരം മെഗാവാട്ട് കൂടുതല്‍ !!!) ഉണ്ടാക്കുമ്പോഴും നമ്മള്‍ അതിരപ്പിള്ളിയിലും ചീമേനിയിലും വൃഥാ ചര്‍ച്ചകളില്പെട്ടു സമയം കളയുന്നു.

കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ പറ്റിയ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. മലകളും കടല്‍ത്തീരങ്ങളും കൊണ്ടു സമ്പന്നം.  പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കിലും
അത് സമ്പൂര്‍ണ്ണമായി നാം ഉപയോഗിച്ചിട്ടില്ല. വന്‍കിട കാറ്റാടികളില്‍ നിന്നും വലിയ തോതിലും, ചെറുകിട കാടാടികളില്‍ നിന്നും ഗാര്‍ഹിക ഉപയോഗത്തിനും വൈദ്യുതി ഉണ്ടാക്കാം. വന്‍കിട രീതിയില്‍ മാത്രം ഇന്ത്യയില്‍ ആകെ 48500 മെഗാവാട്ട് വൈദ്യുതി കാറില്‍ നിന്നും ഉണ്ടാക്കാന്‍ സാധിക്കും എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.  പക്ഷെ ഇന്ന് 11807 മേഗാവാട്ടെ ഉല്‍പ്പാദനം ഉള്ളൂ.  ഈ മേഖലയിലെ ഗവേഷണം ത്വരിത ഗതിയിലാണ് നടക്കുന്നത്. ലോകമെങ്ങും കാറ്റില്‍ നിന്നും വന്‍തോതില്‍ വൈദ്യുതി ഉണ്ടാക്കാന്‍ തുടങ്ങി. ബ്രിട്ടന്റെ ദേശീയ ഉപഭോഗത്തിന്റെ 20  ശതമാനം ഇന്ന് കാറ്റില്‍ നിന്നുള്ള വൈദ്യുതിയാണ്. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് 50  ശതമാനം ആകുമെന്ന് അവര്‍ പറയുന്നു. അമേരിക്കന്‍ - യൂറോപ്യന്‍ രാഷ്ട്രങ്ങളും ഈ പാതയില്‍ മുന്നേറുകയാണ്.

കേരളത്തില്‍ ഇത് സംബന്ധിച്ച സാധ്യതാ പഠനം നടത്തിയത് അനര്‍ട്ട് ആണ്.  കാറ്റുപയോഗിച്  ഇടുക്കി, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി കേരളത്തിലെ 16  സ്ഥലങ്ങളില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുമെന്നും അതിന്റെ തോത് എത്രയാണെന്നും അവരുടെ പഠനത്തില്‍ പറയുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 15 കിലോമീറ്ററില്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങള്‍ മാത്രമാണ് ഇവര്‍ തെരഞ്ഞെടുത്തത്. ഒരു ഫാനില്‍ നിന്നും പരമാവധി കാല്‍ മെഗാവാട്ട്  വൈദ്യുതി ഉണ്ടാക്കുന്ന കാലമായിരുന്നു അന്ന്. അതും 30 മീറ്റര്‍ മാത്രം ഉയരമുള്ള കാറ്റാടികളുടെ കാലം.


Potential Sites for Wind Power Generation in Kerala
Station
District
Annual Mean Wind Power Density
At 20m
At 30m
Kailasamedu
Idukki
251
300
Kolahalamedu
Idukki
146
174
Kulathummedu
Idukki
180
239
Kuttikanam
Idukki
140
181
Panchalimedu
Idukki
254
285
Parampukettimedu
Idukki
447
525
Pullikanam
Idukki
178
187
Ramakkalmedu
Idukki
532
534
Senapathi
Idukki
192
233
Sakkulathumedu
Idukki
531
533
Kanjikkode
Palakkad
218
249
Kotamala
Palakkad
154
187
Kottathara
Palakkad
207
243
Nallasingam
Palakkad
324
377
Tolanur
Palakkad
115
157
Ponmudi
Trivandrum
216
220
Source: ക്സേബ്

എന്നാല്‍ ഈ പഠനം ഇരുപതു വര്‍ഷം എങ്കിലും പഴയതാണ്. ഇതിനിടയില്‍ ടെക്നോളജിയില്‍ വന്മാറ്റം സംഭവിച്ചു. വലിയ ഫാനുകള്‍ വന്നു. ഒരു ഫാനില്‍ നിന്ന് തന്നെ ഒന്നര മെഗാവാട്ട് ഉണ്ടാക്കാമെന്ന നിലയായി. ഇത് മുതലെടുത്ത്‌ ഗുജറാത്ത്, കര്‍ണാടക, തമിഴ് നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ വന്‍ തോതില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാന്‍ തുടങ്ങി. അവര്‍ യഥാക്രമം 1567, 1327, 4500, 1938 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുന്നു. കേരളം ഇപ്പോള്‍ 26 മെഗാവാട്ടും !!!
 ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മുതല്‍മുടക്ക് തിരിച്ചു പിടിക്കാം എന്നതിനാല്‍ സ്വകാര്യ കമ്പനികള്‍ കൂട്ടത്തോടെ ഈ മേഖലയില്‍ മുതലിറക്കി. അപ്പോഴും കേരളം മൌനം പാലിച്ചു. ഈ മേഖലയിലെ കേന്ദ്ര ധനസഹായം ലഭ്യമാക്കാന്‍ പോലും സംസ്ഥാനം വേണ്ടത്ര ശ്രമിച്ചില്ല. 


പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കണക്കില്‍ ഓരോ സംസ്ഥാനത്തും എത്ര വൈദ്യുതി ഉത്പാദിപ്പിക്കാനുള സാധ്യത ഉണ്ടെന്നും അതില്‍ എത്ര ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. അത് പ്രകാരം കേരളത്തില്‍ നിന്നും 1171 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കാനാകും. അതായത് അടുത്ത പത്തു വര്‍ഷത്തേക്കുള്ള നമ്മുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ള സുസ്ഥിര മറുപടിയാണ് കാറ്റ്.
കേരളത്തിലെ തീരപ്രദേശം കൂടി ചെറുകിട പദ്ധതിയില്‍ പെടുത്തിയാല്‍ ഇത് 2000 മെഗാവാട്ട് ആയേക്കും.  

  Wind Energy Potential (as on March 31, 2009)State-wise Wind Power Installed Capacity In India 
State Gross Potential (MW)Total Capacity (MW) till
31.03.09
Andhra Pradesh
8968
122.5
Gujarat
10,645
1566.5
Karnataka
11,531
1327.4
Kerala1171 27.0
Madhya Pradesh1019 212.8
Maharashtra4584 1938.9
Orissa
255
-
Rajasthan4858738.4
West Bengal 1.1
Tamil Nadu5530 4304.5
Others3.2
Total
(All India)
48,56110242.3

തിരുവനന്തപുരത്ത് നിന്നും 50  കിലോമീറ്റര്‍ ഏരിയല്‍ ദൂര പരിധിയില്‍ തമിഴ് നാട്ടില്‍ വന്‍ കാറ്റാടിപ്പാടം  സ്ഥിതി ചെയ്യുന്നു. 65 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി പരന്നു  കിടക്കുന്ന സ്ഥലത്ത്  7500 ഓളം ഫാനുകളില്‍ നിന്നായി 2500  മെഗാവാട്ട് അവിടെ മാത്രം ഉത്പാദിപ്പിക്കുന്നു. തുണിമില്‍ കമ്പനികളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും എല്ലാം സ്വന്തം ചെലവില്‍ വിവിധ വലുപ്പത്തിലുള്ള കാറ്റാടികള്‍ സ്ഥാപിച്ചിരിക്കുന്നു. ഓരോ കാറ്റാടിക്കും താഴെയുള്ള സ്ഥലം കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നു. തൊട്ടടുത് തന്നെ സ്കൂളുകള്‍ , കെട്ടിടങ്ങള്‍ എല്ലാം പ്രവര്‍ത്തിക്കുന്നു..  ഒരു നിശബ്ദ ഊര്‍ജ്ജ വിപ്ലവം തന്നെയാണ് അവിടെ നടക്കുന്നത്. ..
ആദ്യ കാലങ്ങളില്‍ സ്ഥാപിച്ച ഫാനുകള്‍ക്ക് കൂടുതല്‍ കാറ്റ്  ആവശ്യമായിരുന്നു.  മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആവശ്യമായിരുന്നു.  കാല്‍ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫാന്‍ സ്ഥാപിക്കാന്‍ ഒരു കോടി രൂപ വേണം. അന്‍പതിനായിരം രൂപ പ്രതിവര്‍ഷ ചെലവും. ഒരു ഫാന്‍  പ്രവര്‍ത്തിക്കാന്‍  60 സെന്റ്‌ സ്ഥലത്തെ കാറ്റ് വേണം. ഒരു വര്‍ഷം 5  ലക്ഷം യൂണിറ്റ്  വൈദ്യുതി ലഭിക്കും. ഒരു കോടിരൂപയില്‍  മുപ്പതു ശതമാനം സബ്സിഡി കിട്ടിയിരുന്നു. മുപ്പതു ശതമാനം വായ്പ്പയും. ചുരുക്കത്തില്‍ 40 ലക്ഷം മുതല്‍ മുടക്കുന്ന ഒരു വ്യവസായിക്ക് നാല് വര്‍ഷം കൊണ്ടു മുടക്ക് മുതല്‍ ലാഭം. 
ഇപ്പോള്‍ വലിയ ഫാനുകള്‍ വന്നു. 50  മീറ്റര്‍ ഉയരമുള്ളവ. 5 മുതല്‍ 10 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കിട്ടിയാല്‍ ഇത്തരം ഒരു കാറ്റാടി  1 .65  മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കും. അതായത് പ്രതിവര്‍ഷം ഏകദേശം 35 ലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും. ഒരു ഫാന്‍ സ്ഥാപിക്കാന്‍ 12 കോടി രൂപ ചെലവു വരും. പ്രതിവര്‍ഷം മൂന്ന്-നാല്  ലക്ഷത്തോളം അറ്റകുറ്റ ചെലവും.  ഒന്നര ഏക്കര്‍ സ്ഥലത്തെ വീതം കാറ്റ് വേണം ഓരോന്നിനും പ്രവര്‍ത്തിക്കാന്‍ .  ഇതും നാലഞ്ചു വര്‍ഷം കൊണ്ടു ലാഭത്തിലാവും.
50 -70 മീറ്റര്‍ ഉയരമുള്ള ഫാനുകളുടെ സാധ്യതയെപ്പറ്റി കേരളത്തില്‍ ഒരു പഠനം പോലും നടന്നിട്ടില്ല എന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. !!

കേരളത്തില്‍ 600 കിലോമീറ്റര്‍ കടല്‍ത്തീരം മുഴുവന്‍ ഇവ സ്ഥാപിക്കാം. ഓരോ ജില്ലയിലും ഗ്രിടിലേക്ക് വൈദ്യുതി നല്‍കാം. ഒരു പഞ്ചായത്തിനു ഒരു ഫാന്‍ മതി. വെറും 9000  കോടി രൂപ മുതല്‍ മുടക്കിയാല്‍ കേരളത്തിന്റെ പത്തു വര്‍ഷത്തെ ഊര്‍ജ്ജ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാം.  ഇത്രയും പരിസ്ഥിതി സൌഹൃദവും ലാഭകരവും പെട്ടെന്ന് തുടങ്ങാവുന്നതും സുസ്ഥിരവും ആയ മറ്റൊരു ടെക്നോളജിയും നമ്മുടെ മുന്‍പില്‍ ഇല്ല.  കേരളത്തില്‍ തുടങ്ങാന്‍ വയ്യെങ്കില്‍ ഗുജറാത്തിലോ തൊട്ടടുത്ത തമിഴ് നാട്ടിലോ സ്ഥലം പാട്ടതിനെടുത്തായാലും സര്‍ക്കാര്‍ കാറ്റാടി സ്ഥാപിക്കണം.

ഡീസല്‍ താപനിലയം ഉണ്ടാക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 10 രൂപ നിരക്കിലാണ് ഇപ്പോള്‍ നാം ചെലവിടുന്നത്.  അത് താമസിയാതെ പതിനഞ്ചോ ഇരുപതോ ഒക്കെ ആയേക്കും. കല്‍ക്കരി താപനിലയങ്ങളുടെ കാര്‍ബണ്‍ വില നഷ്ടം (carbon credit loss) കൂടി കണക്കിലെടുത്താല്‍ ഉത്പാദന ചെലവു യൂണിറ്റൊന്നിന് 15 രൂപയ്ക്ക് മേല്‍ വരും.  ഇവിടെയാണ്‌ യൂണിറ്റിനു 3 രൂപയില്‍ താഴെ ചെലവില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള വഴി നാം കണ്ടില്ലെന്നു നടിക്കുന്നത്.


ഇനിയെങ്കിലും കേരളാ സര്‍ക്കാര്‍ ഉണരണം.  ലോകം വികസിക്കുന്നത് കണ്ടു പഠിക്കണം.