Friday, October 16, 2009

ആഗോള സാമ്പത്തിക പ്രതിസന്ധിയും പച്ചപ്പിന്‍റെ പ്രാധാന്യവും.




അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തര ഫലമായി ലോകമാസകലം സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ പ്രതിസന്ധി അവര്‍ താമസിയാതെ തരണം ചെയ്യുമെന്നും, അതിനുള്ള നടപടികള്‍ ആരംഭിച്ചതിന്‍റെ ഫലം കണ്ടു തുടങ്ങിയെന്നും പറയപ്പെടുന്നു. ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടാലും സമീപഭാവിയില്‍ പ്രതിസന്ധി അതി രൂക്ഷമാകാനാണ് സാധ്യത. പ്രതിസന്ധിയുടെ മൂല കാരണം കണ്ടെത്തി പരിഹാര നടപടികള്‍ എടുക്കാതെ പ്രശ്നപരിഹാരം ഉണ്ടാവാന്‍ തരമില്ലല്ലോ.
നിലനില്‍ക്കുന്ന വികസനതെപ്പറ്റി അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പറഞ്ഞു തുടങ്ങിയിട്ട് കാലം കുറച്ചായി. അതിനര്‍ത്ഥം, നാളിതുവരെ തുടര്‍ന്ന് പോന്നിരുന്ന വികസനം നിലനില്‍ക്കുന്ന ഒന്നല്ല എന്ന് ബോധ്യം വന്നതിനാല്‍ ആയിരിക്കണമല്ലോ. നിലനില്‍ക്കുന്ന വികസനം സാധ്യമാകാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഇപോഴുണ്ടായിട്ടുള്ള സാമ്പത്തിക തകര്‍ച്ച. ഈ തകര്‍ച്ചയില്‍ നിന്നും കരകയറണമെങ്കില്‍ പ്രകൃതി നിയമാനുസൃതമായ ഒരു വികസന കാഴ്ചപ്പാട്‌ ഉണ്ടാവുകയും അത് പ്രായോഗിക തലത്തില്‍ നടപ്പിലാക്കുകയും വേണം.
ഭൂമിയിലെ ബഹുഭൂരിപക്ഷം മനുഷ്യരും ഉത്പാദന പ്രക്രിയയിലല്ല പണിയെടുക്കുന്നത് എന്നതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണം. ജനങ്ങളെല്ലാം ഉത്പാദനപരമല്ലാത്ത മേഖലയില്‍ പണിയെടുക്കുന്ന ഒരു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നിലനില്‍ക്കില്ല എന്നത് യാഥാര്‍ത്ഥ്യമാണല്ലൊ. എന്ന് തന്നെയുമല്ല , പ്രകൃതിയിലെ സ്വാഭാവിക ഉത്പാദന പ്രക്രിയയെ മനുഷ്യര്‍ തടയുകയും തകര്‍ക്കുകയും കൂടെ ചെയ്താലത്തെ കാര്യം പറയാനുമില്ലല്ലോ.
കാടിന്‍റെയും പച്ച പ്പിന്‍റെയും പ്രാധാന്യം മറന്നുപോകുന്ന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ഇന്നല്ലെങ്കില്‍ നാളെ തകരുക തന്നെ ചെയ്യും. ഒരു സസ്യം വളരുമ്പോള്‍ മാത്രമാണ് ഉത്പാദനം സംഭവിക്കുന്നത്. സൌരോര്‍ജ്ജം ജൈവ വസ്തുവായി രൂപാന്തരപ്പെടുകയാണിവിടെ. കൃഷി ഉത്പാദനമേഖല ആയി കാണുന്നുണ്ട് എങ്കിലും അതൊരു യഥാര്‍ത്ഥ ഉത്പാദന മേഖലയല്ല. യതാര്‍ത്ഥ ഉത്പാദനം നടക്കുന്നത് ഊര്‍ജ്ജം പദാര്‍ത്ഥമായി മാറുമ്പോള്‍ മാത്രമാണ്. ENERGY -MATTER ആയി മാറുമ്പോള്‍ PRODUCTION സംഭവിക്കുന്നു. ഒരിക്കല്‍ ഉത്പാദനം നടന്നു കഴിഞ്ഞാല്‍, അതില്‍ നിന്നും RE_PRODUCTION നും CONVERSION ഉം സാധ്യമാണ്. വളക്കൂര്‍ ഉത്പാടിപ്പിച്ചു ശേഖരിക്കപ്പെട്ട മണ്ണിലെ കൃഷി ആവു എന്നതിനാല്‍, കൃഷി ഒരു RE-PRODUCTION മേഖലയായി മാത്രമാണ് ജൈവകൃഷിക്കാര്‍ കാണുന്നത്. ഈ തത്വത്തെ ആധാരമാക്കിയാണ് കേരള ജൈവകര്‍ഷക സമിതി ജൈവകൃഷി ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ജൈവകൃഷി നിലനില്‍ക്കുന്നതായിരിക്കണം. നിലനില്‍ക്കുന്ന കൃഷി ചിട്ടപ്പെടുത്തിയതുകൊണ്ട് അതിന്‍റെ ചുവടുപിടിച്ച് നിലനില്‍ക്കുന്ന വികസനവും ചിട്ടപെടുത്താനാകും.
ഈ തത്വം ഭൂമിയിലെ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്. കാട് ഒരു ഉത്പാദന കേന്ദ്രമാണ്. ഓരോ പുല്ലും മാമരങ്ങളും ഉത്പാദന പ്രക്രിയയില്‍ മുഴുകിയിരിക്കുന്നു. ഓരോ ചെടിയും വാരുമ്പോള്‍ മാത്രമാണ് ഉത്പാദനം കൂടുന്നത്. ഈ ഉത്പാദനത്തെ ആശ്രയിച്ചാണ്‌ മനുഷ്യനുല്‍പ്പെറെയുള്ള സകല ജീവജാലങ്ങളും നിലനില്‍ക്കുന്നതെന്നുരിക്കെ, സകല മനുഷ്യരും സസ്യങ്ങള്‍ പെരുകാനും വളരാനും പണിയെടുക്കാതെ സാമ്പത്തിക ഭദ്രത കൈവരിക്കാനാവില്ല. ഒരു സൌണ്ട് ഇക്കോളജി (sound Ecology) ഉണ്ടെങ്ങില്‍ മാത്രമേ ഒരു സൌണ്ട് ഇക്കോണമി (sound economy) ഉണ്ടാവു എന്നതാണ് പ്രകൃതി തത്വം. ഇത് പാലിക്കാത്ത ഒരു രാഷ്ട്രത്തിനും സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ കഴിയില്ല; മറ്റുള്ള എല്ലാ സാമ്പത്തിക വളര്‍ച്ചകളും താത്കാലികവും നിലനില്‍ക്കാത്തതും ആയിരിക്കും - തീര്‍ച്ച .

'ഒരേ ഭൂമി ഒരേ ജീവന്‍' എന്ന മാസികയില്‍ 2009 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചത്‌
ശ്രീ.കെ വി ദയാല്‍,
സെക്രട്ടറി - കേരള ജൈവ കര്‍ഷക സമിതി,
മുഹമ്മ പി. ഓ.
ആലപ്പുഴ.

2 comments:

ഫസല്‍ ബിനാലി.. said...

പ്രസക്തമായ ലേഘനം
ആശംസകള്‍..

madhulal said...

please link to vembanadvartha.blogspot.com