Tuesday, October 19, 2010

സൈലന്റ്‌വാലി കരുതല്‍മേഖലയില്‍ സ്വകാര്യ കുപ്പിവെള്ളക്കമ്പനി വരുന്നു

പാലക്കാട്: സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് സ്വകാര്യ കുപ്പിവെള്ളക്കമ്പനി തുറക്കുന്നു. കരുതല്‍മേഖലയില്‍ ഇത്തരമൊരു കമ്പനിക്ക് അനുമതിനല്കിയത് എങ്ങനെയെന്നന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം ആര്‍.ഡി.ഒ.യോട് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വിവാദസ്ഥലം വെള്ളിയാഴ്ച കളക്ടര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

സൈലന്റ്‌വാലിയിലെ പ്രധാനനദിയായ ഭവാനിപ്പുഴയുടെ അരുവികളിലൊന്നായ കരുവാരത്തോടിന്റെ കരയിലാണ് കുപ്പിവെള്ള നിര്‍മാണക്കമ്പനിയുടെ കെട്ടിടം ഉയരുന്നത്. മാസങ്ങള്‍ക്കകം കുപ്പിവെള്ളനിര്‍മാണം തുടങ്ങാനാവുംവിധമാണ് പണി പുരോഗമിക്കുന്നത്. ഇതോടെ തോട്ടിലെ വെള്ളവും കിണറുകളിലെ കുടിവെള്ളവും വറ്റുമെന്ന ഭീതിയിലാണ് ആദിവാസികളുള്‍പ്പെടെയുള്ള പരിസരവാസികള്‍.


അഗളിപഞ്ചായത്തില്‍ കള്ളമലവില്ലേജില്‍ മുക്കാലി-സൈലന്റ്‌വാലി റോഡിലെ താന്നിച്ചോട്ടിലാണ് കെട്ടിടംപണി. കെട്ടിടത്തിന്റെ നേരെമുന്നില്‍ സൈലന്റ്‌വാലി റോഡും തൊട്ടുപിന്നില്‍ കരുവാരത്തോടുമാണ്. തോട്ടില്‍നിന്ന് വെറും 40 മീറ്റര്‍ അകലെയായാണ് കമ്പനി കിണര്‍ കുഴിച്ചിരിക്കുന്നത്. തോട്ടിനപ്പുറത്ത് ആദിവാസികളുടെ കോളനിയാണ്. കിണറ്റില്‍നിന്ന് കമ്പനി വെള്ളമെടുക്കാന്‍ തുടങ്ങുന്നതോടെ ഭൂഗര്‍ഭജലവിതാനം താഴുകയും തോടുവറ്റുകയും ചെയ്യുമെന്നാണ് സമീപവാസികള്‍ പറയുന്നത്.


കരുവാരത്തോട്ടില്‍നിന്ന് കുഴലിട്ട് വെള്ളമെടുത്താണ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ഇതിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനിക്ക് നോട്ടീസ്‌നല്കിയിരുന്നു. മിനറല്‍വാട്ടര്‍ നിര്‍മാണത്തിനായി രണ്ട് ചെറിയകിണറുകള്‍മാത്രമാണ് കുഴിച്ചിട്ടുള്ളത്. ഇവയില്‍നിന്ന് പ്രതിദിനം ഇരുപതിനായിരത്തോളം ലിറ്റര്‍ കുപ്പിവെള്ളം നിറച്ചുവില്ക്കാനാണ് നീക്കം.

15 വര്‍ഷംമുമ്പ് ഇതേസ്ഥലത്ത് 'വിര്‍ജിന്‍ സൈലന്റ്‌വാലി' എന്നപേരില്‍ അനധികൃതമായി ഒരു മിനറല്‍വാട്ടര്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. അന്ന് 'സൈലന്റ്‌വാലി' എന്ന ആഗോളപ്രശസ്തനാമം വാണിജ്യലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ പരാതിയുയര്‍ന്നു. അതോടെ കുപ്പിവെള്ളത്തിന്റെ പേരുമാറ്റി വിപണിയിലിറക്കി. ആ കുപ്പിവെള്ളത്തില്‍ മാലിന്യമുണ്ടെന്നുകാണിച്ച് ഒരു പ്രശസ്ത സിനിമാനടന്‍ കേസുകൊടുത്തതിനെത്തുടര്‍ന്ന് കമ്പനി നഷ്ടപരിഹാരം നലേ്കണ്ടിവന്നു. അന്ന് പൂട്ടിപ്പോയ കമ്പനിയാണ് പുതിയ സജ്ജീകരണങ്ങളോടെ വീണ്ടും തുറന്നുപ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. നിയമസഭാസമിതി അന്ന് ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നെന്നും അറിയുന്നു.

അക്കാലത്ത് മിനറല്‍വാട്ടര്‍കമ്പനി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കരുവാരത്തോട്ടിലെയും ചുറ്റുമുള്ള കിണറുകളിലെയും വെള്ളം വറ്റിയിരുന്നതായി നാട്ടുകാര്‍ ഓര്‍ക്കുന്നു. സൈലന്റ്‌വാലി ദേശീയോദ്യാനപാര്‍ക്കിന്റെ പരിരക്ഷണകവചമായി കണക്കാക്കപ്പെടുന്ന കരുതല്‍മേഖലയില്‍(ബഫര്‍സോണ്‍) ആനവായ് ഫോറസ്റ്റ് സ്റ്റേഷന്റെ മൂക്കിനുതാഴെയാണ് കമ്പനി ഉയരുന്നത്. വനംവകുപ്പ് ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സ്ഥലത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.


40 സെന്റ് സ്ഥലമാണ് കുപ്പിവെള്ളക്കമ്പനിയുടെ കൈവശമുള്ളത്. ഇവിടെത്തന്നെ പ്ലാസ്റ്റിക്‌ബോട്ടിലുകള്‍ ഉണ്ടാക്കുന്ന പ്ലാന്റും പ്രവര്‍ത്തിക്കും. രാസവസ്തുക്കളും പ്ലാസ്റ്റിക്കഷണങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കെട്ടിടനിര്‍മാണ അവശിഷ്ടങ്ങളും മറ്റും കൊണ്ടുവന്ന് തള്ളിയതിനാല്‍ ഇപ്പോള്‍ത്തന്നെ കരുവാരത്തോട്ടില്‍ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്.

15 കൊല്ലംമുമ്പ് പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് അവിടെ മിനറല്‍വാട്ടര്‍കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. അന്ന് അതിനെതിരെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തന്‍ പരാതി കൊടുത്തിരുന്നു. പക്ഷേ, ഇപ്പോള്‍ പഞ്ചായത്തിന്റെ അനുമതിയും നേടിയെടുത്താണ് കമ്പനി പ്രവര്‍ത്തിക്കാനൊരുങ്ങുന്നതെന്ന് അറിയുന്നു.

                     സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിയമങ്ങള്‍ മറികടന്ന് നിര്‍മാണമാരംഭിച്ച സ്വകാര്യ കുപ്പിവെള്ളക്കമ്പനിക്കെതിരെ ആനവായ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എന്‍.അനില്‍കുമാര്‍ കേസെടുത്തു. കമ്പനിയുടമസ്ഥരായ തൃശ്ശൂര്‍ കുറ്റിക്കാടന്‍വീട്ടില്‍ ജോസ് കെ. ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൂട്ടാലസ്വദേശി മുറ്റിച്ചുക്കാരന്‍വീട്ടില്‍ ജോജോ ജോസ് എന്നിവര്‍ക്കെതിരെ വന്യജീവിസംരക്ഷണ നിയമം, കേരള വനംനിയമം എന്നിവപ്രകാരം ജലചൂഷണം, പരിസ്ഥിതി മലിനീകരണം, ജലജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കല്‍ എന്നീ വ്യവസ്ഥകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Saturday, October 2, 2010

വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക കോടികള്‍ : പിരിച്ചെടുക്കാന്‍ കെഎസ്ഇബിയ്ക്ക് മടി.

            കേരളാവാച്ച് എക്സ്ക്ലൂസീവ്
വൈദ്യുതി ഉപയോഗിച്ച വകയില്‍ വിവിധ വന്‍‌കിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപ കുടിശ്ശിക പിരിക്കാന്‍ ഉള്ളപ്പോഴും അത് പിരിച്ചെടുക്കാന്‍ കെഎസ്ഇബി യ്ക്ക് മടി. വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി ഉപയോഗിച്ച വകയില്‍ അടയ്ക്കേണ്ട കുടിശ്ശികയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം എനിക്കു ലഭിച്ച രേഖകളാണ് വൈദ്യുതി ബോര്‍ഡിന്റെ വ്യവസായ സ്ഥാപനങ്ങളോടുള്ള ഈ അനുനയം വെളിവാക്കുന്നത്.
                                  കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍ -1.58 കോടി, ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ -11.75 ലക്ഷം,  രാഷ്ട്രദീപിക കൊച്ചി -1.29 കോടി, ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ - 84 ലക്ഷം, കോവളം ഹോട്ടല്‍സ്‌ -81 ലക്ഷം, റിയാന്‍ സ്റ്റുഡിയോ - 73 ലക്ഷം, ലീല ഹോട്ടല്‍സ്‌ - 37 ലക്ഷം ,................  പട്ടിക നീളുന്നു .

കൂടുതല്‍ വായനയ്ക്കും രേഖകള്‍ക്കും കാണുക 

 http://www.keralawatch.com/election2009/?p=41295

അഭിപ്രായം അറിയിക്കുക.