Monday, February 1, 2010

കെ.എസ്.ഇ.ബി യുടെ കയ്യിലുള്ള വനഭൂമിയില്‍ കയ്യേറ്റം

കെ.എസ്.ഇ.ബി യുടെ കയ്യിലുള്ള മിച്ചം വനഭൂമിയില്‍ വന്‍ തോതില്‍ കയ്യേറ്റം നടക്കുന്നതായി കെ.എസ്.ഇ.ബി രേഖകള്‍ സമ്മതിക്കുന്നു.  ലോവര്‍ പെരിയാര്‍ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി വനം വകുപ്പ് പാട്ടത്തിനു നല്‍കിയ 104 .25 ഹെക്ടര്‍ വനഭൂമിയില്‍ പദ്ധതി നടത്തിപ്പിന് ശേഷം മിച്ചം വന്ന 2585 .35 ഏക്കര്‍ അധിക വന ഭൂമിയിലാണ് കയ്യേറ്റങ്ങള്‍ നടക്കുന്നത്.  കെ.എസ്.ഇ.ബി ക്ക് പാട്ടത്തിനു നല്‍കിയ വനഭൂമികളില്‍ വന്‍ തോതില്‍ കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട് എന്ന പരാതി 'ഒരേ ഭൂമി ഒരേ ജീവന്‍ (ONE EARTH ONE LIFE)'  എന്ന പരിസ്ഥിതി സംഘടന വനം മന്ത്രി ശ്രീ.ബിനോയ്‌ വിശ്വത്തിന് നല്‍കിയിരുന്നു. ഈ വനഭൂമികള്‍ പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് സംരക്ഷിക്കണമെന്നും വനം മന്ത്രിക്കു നല്‍കിയ പരാതിയില്‍ സംഘടന ആവശ്യപ്പെട്ടിരുന്നു. ശ്രീ. ബിനോയ്‌ വിശ്വം രണ്ട് വര്‍ഷം മുന്‍പ് വിളിച്ചു ചേര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകരുടെ യോഗത്തിലാണ് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' ഈ പരാതി സമര്‍പ്പിച്ചത്. എന്നാല്‍ നാളിതുവരെയായി കയ്യേറ്റം ഒഴിപ്പിക്കുന്നതിനോ വനഭൂമി തിരിച്ചെടുത്തു സംരക്ഷിക്കുന്നതിനോ വനം വകുപ്പിന്റെ ഭാഗത്ത്‌ നിന്നും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിലാണ് 
കെ.എസ്.ഇ.ബി യുടെ കയ്യില്‍ മിച്ചമുള്ള വനഭൂമികളുടെ കണക്കും അതില്‍ കയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ വിവരവും നല്‍കാന്‍ ആവശ്യപ്പെട്ടു വിവരാവകാശനിയമ പ്രകാരം സംഘടന അപേക്ഷ നല്‍കിയത്. അതിനുള്ള മറുപടിയിലാണ് 21470 m2 സ്ഥലത്ത് കയ്യേറ്റങ്ങള്‍ നടക്കുന്നതായി കെ.എസ്.ഇ.ബി സമ്മതിച്ചിരിക്കുന്നത്. റിസര്‍ച്ച് & ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറാണ് വിവരം നല്‍കിയിരിക്കുന്നത്.
ഇത് പ്രകാരം പദ്ധതി നടത്തിപ്പ് കഴിഞ്ഞും
മിച്ചമുള്ള 2585 .35 ഏക്കര്‍ വനഭൂമിയില്‍ ഏറിയ പങ്കും കയ്യേറ്റങ്ങളുടെ പിടിയിലാണ്.  ഇത് സംസ്ഥാനം കണ്ട ഏറ്റവും വലിയ വനം കയ്യേറ്റങ്ങളില്‍ ഒന്നാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
"റവന്യു വകുപ്പിന്റെ കയ്യില്‍ വെച്ചുകൊണ്ടിരുന്ന വനഭൂമി യഥാസമയം ഏറ്റെടുക്കാത്തതാണ് മൂന്നാറിലെ കയ്യേറ്റ പ്രശ്നങ്ങള്‍ നിയമക്കുരുക്കില്‍ കൊണ്ടെത്തിച്ചത്. ലോവര്‍ പെരിയാര്‍ പദ്ധതി മേഖലയിലെ വനപ്രദേശവും ഒഴിപ്പിക്കാന്‍ വൈകുന്തോറും പ്രശ്നങ്ങള്‍ രൂക്ഷമാകുകയും വനത്തിലെ കോടിക്കണക്കിനു രൂപയുടെ മരങ്ങള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്യും. ഉദ്ഘാടനങ്ങള്‍ നടത്താനല്ലാതെ, വനമേഖലയെ   ബാധിക്കുന്ന കാതലായ പ്രശ്നങ്ങളില്‍ മന്ത്രിക്കോ സര്‍ക്കാരിനോ താല്പര്യമില്ല.  കയ്യേറ്റത്തിനെതിരെ  കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍"  -
വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ലീഗല്‍ സെല്‍ ഡയരക്ടര്‍ ശ്രീ.ടോണി തോമസ്‌ പറഞ്ഞു . 
www.oeol.in 

വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി ഇതോടൊപ്പം.