Tuesday, October 23, 2012

ഇ.എഫ്.എല്‍ ഭേദഗതിക്കെതിരെ പരാതി

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സംസ്ഥാനത്ത് നിലവിലുള്ള ഇ.എഫ്.എല്‍ നിയമം-2003 ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും അതിനായി ഭേദഗതികള്‍ സമര്‍പ്പിക്കപ്പെട്ടു എന്നും മാധ്യമങ്ങളിലൂടെ അറിയുന്നു. എന്നാല്‍ ഇപ്പോള്‍ നിശ്ചയിക്കപ്പെട്ട ഭേദഗതികള്‍ ചെറുകിട കര്‍ഷകരെ സഹായിക്കാനുള്ള യു.ഡി.എഫിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമാണ് എന്ന് മാത്രമല്ല മറിച്ച് വന്‍കിട തോട്ടമുടമകളെ സഹായിക്കാന്‍ ഉതകുന്നതും സര്‍ക്കാരിന്റെ  നിലവിലുള്ള ഇ.എഫ്.എല്‍ കേസുകള്‍ തോല്‍ക്കാനും ആയിരക്കണക്കിന് ഹെക്ടര്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ നഷ്ടമാകാന്‍ വരെ കാരണമായേക്കാവുന്നതും ആണ്.

ഇ.എഫ്.എല്‍ നിയമത്തിലെ 3 (1) പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പ് ജില്ലാ കലക്ടര്‍ അധ്യക്ഷനായ, ജനപ്രതിനിധികള്‍ അടങ്ങിയ ഒരു സമിതി സ്ഥലം സന്ദര്‍ശിച്ച് കൃഷിഭൂമിയല്ലെന്നു ഉറപ്പു വരുത്തണം എന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. നേരത്തെ  ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഇ.എഫ്.എല്‍ ഓര്‍ഡിനന്‍സ് പ്രകാരം മുന്‍‌കൂര്‍ പരിശോധനയില്ലാതെയാണ് നിരവധി ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. അതിനാല്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ ഇ.എഫ്.എല്‍ നിയമമാക്കിയപ്പോള്‍ വനംവകുപ്പിലെ നിരവധി ഘട്ടങ്ങളിലുള്ള പരിശോധന കഴിയാതെ ഒരു ഭൂമി പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി വിജ്ഞാപനം ചെയ്യാന്‍ പാടില്ലെന്ന് വ്യവസ്ഥ കൊണ്ടുവന്നിരുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളില്‍ ഭൂമി പരിശോധിച്ച് കൃഷിഭൂമിയല്ലെന്നു ഉറപ്പു വരുത്തിയ ശേഷമേ വിജ്ഞാപനം പുറപ്പെടുവിക്കുന്നുള്ളൂ. ഇനിയുള്ള വിജ്ഞാപനങ്ങള്‍ക്ക് മുന്‍പ് ഭൂമി ജില്ലാ കലക്ടര്‍ ഉള്‍പ്പെട്ട പുതിയ സമിതി മുന്‍കൂറായി പരിശോധിക്കണം എന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് നേരത്തെ വിജ്ഞാപനം നടത്തിയ ഭൂമിയുടെ ഉടമസ്ഥരോടുള്ള വിവേചനമായി പരിഗണിക്കപ്പെടും. ഒരു നിയമത്തിനു കീഴില്‍ രണ്ടുതരം നീതി നടപ്പാക്കുന്നതിന് എതിരെയും, കമ്മിറ്റിയുടെ പരിശോധനയെന്ന പുതിയ വ്യവസ്ഥ തങ്ങള്‍ക്കു ലഭിക്കാത്തതിനാല്‍ നേരത്തെ നടത്തിയ വിഞാപനങ്ങള്‍ റദ്ദാക്കാനും തോട്ടമുടമകള്‍ കോടതിയെ സമീപിച്ചാല്‍ അത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ നിയമം തന്നെ ഭരണഘടനാവിരുദ്ധമാണ് എന്ന തോട്ടമുടമകളുടെ തെറ്റായ വാദം ശക്തിപ്പെടുത്താന്‍ പുതിയ ഭേദഗതി കാരണമാകും. അങ്ങനെയായാല്‍ ഇതുവരെ വിജ്ഞാപനം നടത്തിയ പരിസ്ഥിതി ദുര്‍ബ്ബല ഭൂമികള്‍ സര്‍ക്കാരിന് നഷ്ടപ്പെടാനും വന്‍കിട തോട്ടമുടമകള്‍ക്ക് ലഭിക്കാനും മാത്രമേ ഈ ഭേദഗതി നിര്‍ദ്ദേശം ഉതകൂ എന്നാണു നിയമവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നത്. 14000 ഹെക്ടര്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ ഇതുവഴി നഷ്ടമായേക്കുമെന്ന് കണക്കാക്കുന്നു.

ഇ.എഫ്.എല്‍ നിയമപ്രകാരം നടത്തുന്ന വിജ്ഞാപനങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കാനും പുനപ്പരിശോധിക്കാനുമുള്ള അധികാരം ഇ.എഫ്.എല്‍.കസ്റ്റോഡിയനില്‍ നിക്ഷിപ്തമാക്കണം എന്നതാണ് മറ്റൊരു പ്രധാന ഭേദഗതി. നിരവധി പരിശോധനകള്‍ക്ക് ശേഷം കസ്റ്റോഡിയന് തന്നെ ബോധ്യപ്പെട്ട ശേഷമാണ് ഒരു ഭൂമി പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി കസ്റ്റോഡിയന്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പ്രസ്തുത വിജ്ഞാപനം പുന:പരിശോധിക്കാനുള്ള അവകാശം വിജ്ഞാപനം ഇറക്കിയ ഉദ്യോഗസ്ഥന് തന്നെ കൊടുക്കുന്നത് നിയമത്തെ ദുര്‍ബ്ബലപ്പെടുത്തും എന്നു മാത്രമല്ല സ്ഥാപിത താല്പ്പര്യത്തിലൂടെ ചില ഭൂമികള്‍ ഒഴിവാക്കിക്കൊടുക്കാനുള്ള സാധ്യതയും ഉണ്ടാക്കും.  ഈ നിയമപ്രകാരം ഏറ്റെടുത്തതില്‍ 2 ഹെക്ടറോ അതില്ക്കുറവോ ആയ ഭൂമി കൃഷിഭൂമിയാണെന്ന് പരാതിയുണ്ടെങ്കില്‍ പരിഹാരത്തിനായി ചെറുകിട കര്‍ഷകര്‍ക്ക് നിലവിലെ നിയമതില്‍ത്തന്നെ വ്യവസ്ഥയുണ്ട്. പ്രസ്തുത വിജ്ഞാപനത്തിന് എതിരെ സെക്ഷന്‍ 10 എ പ്രകാരം നിയമിതമായ കമ്മിറ്റിയ്ക്ക് പരാതി നല്‍കിയാല്‍ കൃഷിഭൂമിയാണോ എന്ന് പരിശോധിച്ച് പരാതി ശരിയാണെങ്കില്‍ പ്രസ്തുത ഭൂമി ഒഴിവാക്കിക്കൊടുക്കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ നിയമപ്രകാരം വിജ്ഞാപനം ചെയ്തു ഏറ്റെടുത്ത വന്‍കിട ഭൂവുടമകളുടെ പരാതികള്‍ സെക്ഷന്‍ 9 പ്രകാരം അധികാരപ്പെട്ട ട്രിബൂണല്‍ മുന്‍പാകെ ഉന്നയിക്കാവുന്നതാണ്. നിലവില്‍ ട്രിബൂണലുകള്‍ക്ക് മാത്രം ഉള്ള അധികാരം ഒരുദ്യോഗസ്ഥനു നല്‍കുന്ന ഭേദഗതി ട്രിബൂണലിനെ നിരായുധമാക്കാനും, രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി വന്‍കിട തോട്ടമുടമകള്‍ക്ക് പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ സ്വന്തമാക്കാനും കാരണമാവും.

ചെറുകിട കര്‍ഷകര്‍ക്ക് ഇ.എഫ്.എല്‍ നിയമപ്രകാരം നടത്തിയ വിജ്ഞാപനത്തിനെതിരെ പരാതിപ്പെടാന്‍ അനുവദിച്ച സമയം 2010 ഫെബ്രുവരി 19 നു അവസാനിച്ചിരുന്നു. അത്തരം പരാതികള്‍ക്ക് ഇനി ആറു മാസം കൂടി നീട്ടി നല്‍കണമെന്നാണ് മറ്റൊരു ഭേദഗതി നിര്‍ദ്ദേശം. ഇടുക്കി ജില്ലയില്‍ നിന്നും ആകെ മൂന്നു പരാതികളാണ് അവസാന തീയതി കഴിഞ്ഞ കാരണത്താല്‍ നിരസിച്ചത്‌ എന്നു കാണാം. എങ്കിലും അവസാന തീയതി കഴിഞ്ഞ് അപേക്ഷിച്ച ചെറുകിട കര്‍ഷകര്‍ക്ക് നിയമപ്രകാരം അപേക്ഷ നല്‍കുന്നതിന് ഒരവസരം നല്‍കുംവിധമുള്ള ഭേദഗതി സ്വാഗതാര്‍ഹം ആയിരിക്കും.

നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതികള്‍ ആപല്‍ക്കരമാണെന്നു വനംവകുപ്പ് ആസ്ഥാനത്തെ നിയമവിഭാഗം തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട ഭേദഗതികളില്‍ ഇ.എഫ്.എല്‍ നിയമം തന്നെ അട്ടിമറിക്കപ്പെടുന്നതും നിലവില്‍ സര്‍ക്കാരിന്റെ കൈവശമുള്ള 14000 ഹെക്ടറോളം പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങള്‍ കൈവിട്ടു പോകുന്നതും അതുവഴി സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതിക ദുരന്തം ഉണ്ടാക്കുന്നതും ആണെന്ന് അങ്ങയെ അറിയിക്കുന്നു. ചെറുകിട കര്‍ഷകരെ സഹായിക്കാനുള്ള ഏതു നീക്കവും സ്വാഗതാര്‍ഹമാണെങ്കിലും അതിന്റെ മറവില്‍ വന്‍കിട തോട്ടമുടമകളെ സഹായിക്കുന്ന ഒരു ഭേദഗതിയും യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. അതിനാല്‍ ഇ.എഫ്.എല്‍ നിയമത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രസ്തുത ഭേദഗതികള്‍ തള്ളിക്കളയണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.