Sunday, March 2, 2014

ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകളെപ്പറ്റി ചില ചോദ്യങ്ങളും ഉത്തരങ്ങളും.

ചോദ്യം 1: ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ ജനവാസമുള്ള പ്രദേശങ്ങൾ വനഭൂമിയായി പ്രഖ്യാപിക്കില്ലേ? ക്രമേണ കൃഷിയിടങ്ങൾ വനഭൂമിയാകില്ലേ? 

ഉത്തരം: ഇല്ല, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിനു കീഴിൽ പ്രത്യേകം പരിഗണന അർഹിക്കുന്ന ഏതൊരു പ്രദേശവും പരിസ്ഥിതിസംവേദക മേഖലയായി പ്രഖ്യാപിക്കാം. ജനവാസവും അതുമായി യാതൊരു ബന്ധവുമില്ല. ആ മേഖലയിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേകം ഊന്നലോ, ചില നിയന്ത്രണങ്ങളോ ഉണ്ടാകും എന്നല്ലാതെ പുതുതായി ഒരു ഭൂമിയും വനഭൂമിയാക്കില്ല. 

2. ചോദ്യം: വന്യമൃഗങ്ങൾക്ക് നാട്ടിൽ യഥേഷ്ടം ഇറങ്ങിനടക്കാൻ അനുവാദം നൽകില്ലേ? 

ഉത്തരം:  ഇല്ല, വന്യമൃഗങ്ങളുടെ സഞ്ചാര ഇടനാഴി സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നതിനർത്ഥം ഇപ്പോഴത്തെ ജനവാസ പ്രദേശങ്ങൾ വന്യജീവി ഇടനാഴിയാക്കും എന്നല്ല. വന്യമൃഗങ്ങൾക്ക് യാതൊരു അധിക അവകാശങ്ങളും നൽകാതെ തന്നെ, അവരുടെ സ്വാഭാവിക പാതകൾ സംരക്ഷിക്കുക വഴി പരമ്പരാഗത കാർഷിക മേഖലയിലുള്ള വന്യമൃഗശല്യം കുറയ്ക്കുകയാണ് റിപ്പോർട്ടിന്റെ ലക്‌ഷ്യം.

3. ചോദ്യം: പരിസ്ഥിതി ദുർബ്ബല പ്രദേശമായി പ്രഖ്യാപിച്ചാൽ ക്രമേണ ഭൂമി സർക്കാർ ഏറ്റെടുക്കില്ലേ? 
ഉത്തരം: ഇല്ല, കേരള സർക്കാർ പാസാക്കിയ EFL നിയമത്തിലെ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളും ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്ന പരിസ്ഥിതി സംവേദക മേഖലയും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ട്. EFL നിയമം കൊണ്ടുവന്നത് കൃഷി ചെയ്യാതെ, വനത്തോട് ചേർന്നു കിടന്ന ഭൂമി ഏറ്റെടുക്കുക എന്ന ലക്ഷ്യമിട്ടാണ്. എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ടിലോ കസ്തൂരിരംഗൻ റിപ്പോർട്ടിലോ ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാനോ, ആളുകളെ കുടിയൊഴിപ്പിക്കാനോ നിർദ്ദേശിക്കുന്നില്ല.

ചോദ്യം 4. പരിസ്ഥിതി ദുർബ്ബല പ്രദേശമായി പ്രഖ്യാപിച്ചാൽ നിർമ്മാണത്തിനും വികസനത്തിനും നിരോധനം വരില്ലേ? നിയന്ത്രണം ഉണ്ടെങ്കിൽ എന്തെല്ലാം നിയന്ത്രണങ്ങളാണ് വരിക?
ഉത്തരം : നിരോധനം ഉണ്ടാവില്ല, എന്നാൽ നിയന്ത്രണം ഉണ്ടാകും. നിർമ്മാണവും നിയന്ത്രണവും പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. പരിസ്ഥിതി സൌഹൃദ നിർമ്മാണങ്ങൾ പ്രോത്സാഹിപ്പിക്കും. സുസ്ഥിരമായതും ആ പ്രദേശത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കാത്തതുമായ വികസനം ആയിരിക്കും നടപ്പാക്കുക. സംരക്ഷിക്കേണ്ട മേഖലയിൽ ഖനനം, താപനിലയം, വൻകിട ഡാമുകൾ തുടങ്ങിയവ പൂർണ്ണമായി ഒഴിവാക്കാൻ നിർദ്ദേശം ഉണ്ട്, അത് അന്തിമമല്ല. ചർച്ചകൾക്ക് വിധേയമാണ്. ഈ മേഖലയിലെ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ഇനി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്.


ചോദ്യം 5. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ മലയോര കർഷകർക്ക് പട്ടയം ലഭിക്കുന്ന നടപടി അവസാനിക്കില്ലേ? 
ഉത്തരം: രണ്ടു നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ പട്ടയം നൽകുന്നത്. ആദ്യത്തേത്, 1964 ലെ ഭൂമി പതിവ് ചട്ടവും, രണ്ടാമത്, 1993 ലെ പ്രത്യേക ചട്ടങ്ങളും. ഇതിൽ 1977 നു മുൻപായി വനഭൂമിയിൽ കുടിയേറിയ കർഷകർക്ക് ഇപ്പോൾ കൃഷി ചെയ്തു ജീവിക്കുന്ന ഭൂമി പതിച്ചു നൽകുന്ന ചട്ടമാണ് 1993 ലേത്. ഇതിനുള്ള കേന്ദ്രസർക്കാരിന്റെ അനുമതിയും സുപ്രീംകോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇനി പട്ടയം കൊടുക്കുക എന്നത് കേവലമൊരു ചടങ്ങാണ്. ആയതിനെ ഒരു തരത്തിലും ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ബാധിക്കില്ല. എന്നാൽ റിപ്പോർട്ട് അപ്പടി നടപ്പാക്കിയാൽ, ഭൂരഹിതരായ കർഷകർക്ക് 1964 ലെ ചട്ടപ്രകാരം ഇനി സർക്കാർ ഭൂമി പതിച്ചു നൽകാനാവില്ല എന്നത് സത്യമാണ്. മറ്റാവശ്യങ്ങൾക്കും ഭൂമി പതിച്ചുനൽകാനാവില്ല. അതിനാൽ ചര്ച്ചയിലൂടെ ഭേദഗതി ആവശ്യമാണ്‌.

ചോദ്യം 6. ഗാഡ്ഗിൽ റിപ്പോർട്ടിലെ "കൃഷിഭൂമി കാർഷികേതര ആവശ്യത്തിനു വകമാറ്റരുത്‌" എന്ന നിർദ്ദേശം നടപ്പാക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവില്ലേ? ഇനി ആശുപത്രിയോ, സ്കൂളോ, വീടുകളോ വെയ്ക്കാൻ കഴിയുമോ? 
ഉത്തരം: വളരെ വിശാലമായ ഒരു നിർദ്ദേശമാണ് ഇത്. അതപ്പടി നടപ്പാക്കുക കേരളത്തിലെങ്കിലും ഒട്ടും പ്രായോഗികമല്ല. കൃഷിഭൂമിയായി കണക്കാക്കുന്ന വയൽ, പ്ലാന്റെഷൻ എന്നീ ഭൂമികൾ വകമാറ്റുന്നതിന് ഇപ്പോൾത്തന്നെ നിയന്ത്രണമുണ്ട്. എന്നാൽ പറമ്പായി കൃഷി ചെയ്യുന്ന ഭൂമിയിലാണ് ആളുകൾ അധികവും വസിക്കുന്നത്. ഈ നിർദ്ദേശം അപ്പടി നടപ്പാക്കിയാൽ, മലയോര മേഖലയിൽ പുറത്തുനിന്ന് ഒരാൾക്കും ഭൂമി വാങ്ങി വീട് വെയ്ക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാവും. അതിനാൽ, ചർച്ചയും ഭേദഗതിയും ആവശ്യമാണ്‌.

ചോദ്യം 7. എകവിള കൃഷി അവസാനിപ്പിക്കുമോ? അപ്പോൾ ഏലം, കുരുമുളക്, തേയില എന്നിവയുടെ കൃഷി അവസാനിപ്പിക്കേണ്ടി വരില്ലേ?

ഉത്തരം: യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വിദേശയിന എകവിള തോട്ടങ്ങൾ അവസാനിപ്പിക്കും. എന്നാൽ തേയില,കാപ്പി,റബർ, ഏലം തുടങ്ങിയ ഒന്നിനും ഈ നിർദ്ദേശം ബാധകമല്ല. 

ചോദ്യം 8 : ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ അവിടെ വനാവകാശ നിയമം (ഫോറസ്റ്റ് റൈറ്റ്സ് ആക്റ്റ്) നടപ്പാക്കുമല്ലോ. അപ്പോൾ വനനിയമം ബാധകമാവില്ലേ?

ഉത്തരം  : വനാവകാശ നിയമം എന്നാൽ മൂന്നു തലമുറകളായി വനത്തിനുള്ളിൽ കഴിയുന്ന ആദിവാസി ജനവിഭാഗങ്ങൾക്കും മറ്റു വനവാസികൾക്കും അവരുടെ ഭൂമിയിന്മേൽ അവകാശവും പട്ടയവും നൽകുന്നതിനുള്ള നിയമമാണ്. ഇതിനു വനസംരക്ഷണനിയമവുമായി ബന്ധമില്ല. സൈലന്റ് വാലി പോലുള്ള വന്യജീവി സങ്കേതങ്ങളിൽ പോലും വനവാസികൾക്ക്‌ പട്ടയവും കൃഷി ഭൂമിയും നൽകുന്നതിനുള്ള ഒരു നിയമം ജനവിരുദ്ധമാവില്ലല്ലോ. പരിസ്ഥിതിദുർബ്ബല മേഖലയിൽ ഈ നിയമം നടപ്പാക്കണം എന്ന് പറയുന്നത് വനവാസികൾക്കുള്ള സംരക്ഷണമാണ്.

ചോദ്യം 9: കെട്ടിട നിർമ്മാണത്തിന് നിയന്ത്രണം ഉണ്ടായാൽ വീട് പണിയാൻ കഴിയുമോ? സ്കൂൾ, ആശുപത്രി തുടങ്ങിയ നിർമ്മാണങ്ങൾ ചെയ്യാനാകുമോ?

ഉത്തരം: ഗാഡ്ഗിൽ റിപ്പോർട്ടിൽ കെട്ടിടനിർമ്മാണത്തെ സംബന്ധിച്ച് ഉള്ള നിർദ്ദേശം ഒരു ഹരിത ബിൽഡിങ്ങ് കോഡ് വേണം എന്നുള്ളതാണ്. സ്റ്റീൽ,സിമന്റ്, മണൽ മുതലായ വിഭവങ്ങൾ പരമാവധി കുറച്ചുപയോഗിക്കുന്നതും പാരമ്പര്യ ഊർജ്ജ ഉത്പാദനത്തിനും  ജലസംരക്ഷണത്തിനും ഊന്നൽ നൽകുന്നതുമായ ഒരു ശൈലി വേണമെന്ന നിര്ദ്ദേശം ആണ് ഗാഡ്ഗിൽ റിപ്പോർട്ട് നിർദ്ദേശിക്കുന്നത്. അതെങ്ങനെ വേണമെന്നും പ്രാദേശിക സർക്കാരുകളുമായി ചർച്ച ചെയ്തു തീരുമാനിക്കും. 2,15,000 ച.അടിയിൽ കുറഞ്ഞ ഏതുതരം കെട്ടിടവുമാകാം എന്നാണ് കസ്തൂരി രംഗൻ സമിതിയുടെ ശുപാർശ. ഇതിലെവിടെയും കെട്ടിടങ്ങൾ പാടില്ലെന്ന് പറയുന്നില്ല.

ചോദ്യം 10 : പാലം, റോഡ്‌ പോലുള്ള നിർമ്മാണ പ്രവർത്തികൾക്ക് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് പറയുന്നു. ഇതൊക്കെ വികസനം വൈകിക്കില്ലേ?

ഉത്തരം: മണ്ണ് എടുക്കാനും പാറ പൊട്ടിക്കാനും മണൽ വാരാനുമെല്ലാം പരിസ്ഥിതി ആഘാത പഠനം വേണം എന്നതാണ് ഇപ്പോൾ രാജ്യവ്യാപകമായി ഉള്ള നിയമം. അതുപോലെ മലയോര മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇത് നിർബന്ധമാക്കുമ്പൊഴും പ്രായോഗികമായ താമസം ഉണ്ടാകാം. പക്ഷെ, പരിസ്ഥിതി സംരക്ഷണത്തിനു അത് നിർബന്ധമാണ്‌. ഇപ്പോൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു മുൻപിൽ അനുമതിയപേക്ഷകൾ കുമിഞ്ഞു കൂടുന്നതുകൊണ്ടാണ് കാലതാമസം ഉൾപ്പെടെ ഉണ്ടാകുന്നത്. ക്ലിയറൻസ് നടപടികൾ ലഘൂകരിക്കാനായി, ജില്ലാതല പശ്ചിമഘട്ട അതോറിറ്റി സ്ഥാപിക്കണമെന്നും സുതാര്യമായി പ്രവർത്തിക്കണമെന്നും ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിക്കുന്നു. 

ചോദ്യം 11 : ഗാഡ്ഗിൽ റിപ്പോർട്ട്  നടപ്പാക്കിയാൽ 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളിൽ തന്നാണ്ട് കൃഷി പാടില്ലല്ലോ. അപ്പോൾ കൃഷിക്കാർ ഭൂമി ഉപേക്ഷിച്ച് പോകേണ്ടി വരില്ലേ?

ഉത്തരം: 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളിൽ തന്നാണ്ട് കൃഷി നിരുൽസാഹപ്പെടുത്തണം എന്നൊരു നിർദ്ദേശം ഗാഡ്ഗിൽ റിപ്പോർട്ടിൽ ഉണ്ട്. അതിനർത്ഥം കൃഷി നിരോധിക്കുമെന്നല്ല. എങ്കിലും അത് അപ്പടി നടപ്പാക്കിയാൽ കപ്പ, മരച്ചീനി, വാഴ തുടങ്ങിയ കൃഷി ചെയ്യുന്നവരെ ദോഷകരമായി ബാധിച്ചേക്കും. എന്നാൽ ഈ നിർദ്ദേശം തന്നെ നിയമമാക്കും മുൻപ് വിവിധ തലങ്ങളിലുള്ള ചർച്ചയും തിരുത്തലും ആവശ്യമാണെന്ന് റിപ്പോർട്ടിൽത്തന്നെ പറയുന്നു. ഈ നിർദ്ദേശങ്ങൾ ഒന്നും നടപ്പാക്കിയില്ലെങ്കിൽ മണ്ണൊലിപ്പിലൂടെ ക്രമേണ ആ ഭൂമിയുടെ കൃഷിസാധ്യതകൾക്ക് തിരിച്ചടിയുണ്ടാവും. പ്രായോഗിക സമീപനം ആവശ്യമാണ്‌.


ചോദ്യം 12: ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയാൽ 5 വർഷത്തിനുള്ളിൽ കീടനാശിനിയും രാസവളവും പൂർണ്ണമായി നിരോധിക്കില്ലേ? 

ഉത്തരം: നിരോധനവും ഫേസ് ഔട്ടും രണ്ടുതരം പ്രക്രിയയാണ്. ഫേസ് ഔട്ടെന്നു പറയുമ്പോൾ നിലവിലുള്ള ഉപയോഗത്തിന് ബദലുകൾ കണ്ടെത്തി അവ പകരം വെച്ച് പരിഷ്കരിക്കലാണ്, അതുവഴി പഴയവ ഉപേക്ഷിക്കലാണ്. ഓരോ ഘട്ടത്തിലും പുരോഗതി വിലയിരുത്തിയാവും ഫേസ് ഔട്ട്‌ നടപ്പാക്കുക. ഈ നിർദ്ദേശം തന്നെ പ്രായോഗികത അനുസരിച്ച് കാലാവധി നീട്ടി നൽകാവുന്നതാണ്. പത്തു വർഷത്തേക്ക് മാത്രമായി 1950 ൽ  കൊണ്ടുവന്ന പിന്നാക്ക സംവരണം ഉദ്ദേശലക്ഷ്യങ്ങൾ നേടാത്തതിനാൽ ഓരോ പത്തുവർഷവും നീട്ടി നൽകുന്നതുപോലെ, നിയമസഭയ്ക്ക് 5 വർഷമെന്ന കാലാവധി നീട്ടി നൽകാവുന്നതാണ്. ഒരു തുടക്കമെന്ന നിലയിലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. രാസവളത്തിന്റെ കാര്യത്തിൽ നിർദ്ദേശം നടപ്പാക്കണമെങ്കിൽ ചില നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരും. 

ചോദ്യം 13: മരം മുറിക്കുന്നതിനു നിരോധനം ഉണ്ടാകുമോ? 
ഉത്തരം: ഇല്ല. എന്നുമാത്രമല്ല, നട്ടു വളർത്തുന്ന മരങ്ങൾ മുറിക്കാനുള്ള അനുമതി ജനങ്ങൾക്ക്‌ നൽകണമെന്നും അതുവഴി കൂടുതൽ മരങ്ങൾ വളർത്താൻ പ്രേരിപ്പിക്കണമെന്നും ഗാഡ്ഗിൽ റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. 

ചോദ്യം 14: ചുവപ്പ്, ഓറഞ്ച് പട്ടികയിൽപ്പെട്ട വ്യവസായങ്ങൾ നിരോധിച്ചാൽ കോഴിഫാം, കന്നുകാലി ഫാം, ആശുപത്രി, പെട്രോൾ പമ്പ്, അറവുശാല, പാൽ സംസ്കരണ കേന്ദ്രം എന്നിവ അടച്ചു പൂട്ടേണ്ടി വരില്ലേ?

ഉത്തരം: WGEEP. റിപ്പോർട്ട് അപ്പടി നടപ്പാക്കിയാൽ ഇങ്ങനെ ചില ദോഷഫലങ്ങൾ ഉണ്ട്. അത്തരം നിർദ്ദേശങ്ങൾ സമഗ്രമായി ചർച്ച ചെയ്ത്, ചുവപ്പ്, ഓറഞ്ച് പട്ടികയിൽ നിന്നും ചിലയിനങ്ങളെ നീക്കം ചെയ്യുകയോ ഇളവ് അനുവദിക്കുകയോ ചെയ്യേണ്ടി വരും. അല്ലെങ്കിൽ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാവും.

ചോദ്യം 15: ഇപ്പോൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ അല്ലാതെ ഭാവിയിലും കൂടുതൽ നിയന്ത്രണങ്ങൾ വരാനുള്ള സാധ്യതയില്ലേ? ക്രമേണ ജീവിതം തന്നെ ദുസ്സഹമാകില്ലേ?

ഉത്തരം: ഇതുവരെ ESZ ആയി പ്രഖ്യാപിച്ച ഒരിടത്തും പിന്നീട് കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടില്ല. വിജ്ഞാപനത്തിന്റെ കൂടെയുള്ള നിയന്ത്രണങ്ങളാവും പശ്ചിമഘട്ടമേഖലയിൽ നടപ്പാക്കുക. 


16 ചോദ്യം: ഡാമുകൾ പൊളിച്ചു കളയണമെന്നും പുതിയവ പാടില്ലെന്നും പറയുന്നുണ്ടല്ലോ, അപ്പോൾ വൈദ്യുതി എങ്ങനെ ഉണ്ടാക്കും?

ഉത്തരം:
ഡാമുകൾ പൊളിക്കാൻ റിപ്പോർട്ടിൽ പറയുന്നില്ല. ചെളിയും മണലും അടിഞ്ഞു കൂടിയും കാലപരിധി കഴിഞ്ഞും ബലക്ഷയമുണ്ടായും  പ്രവർത്തന ക്ഷമത ഇല്ലാതായാൽ ഡാമുകൾ ഡീക്കമ്മീഷൻ ചെയ്യണമെന്നാണ് നിർദ്ദേശം. പൊളിക്കുക എന്നല്ല അതിനർത്ഥം. ഏതു വൻകിട ഡാമും ഒരുനാൾ ഡീക്കമ്മീഷൻ ചെയ്യേണ്ടി വരും.
പുതിയ വൻകിട ഡാമുകൾ വേണ്ടെന്നു നിർദ്ദേശമുണ്ട്. ഇതിനു പകരം സോളാർ പോലുള്ള പ്രക്രുതിസൗഹ്രുദ മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു. പ്രായോഗികമായി വൈദ്യുതിയുടെ ചെലവ് അൽപ്പം വർദ്ധിക്കുമെങ്കിലും ജല-താപ-ആണവ വൈദ്യുതിയുടെ പാരിസ്ഥിതിക വിലകൂടി കണക്കിലെടുത്താൽ ദീർഘകാലത്തേയ്ക്കു സൌരോര്ജ്ജം ലാഭകരമായിരിക്കും.

17 ചോദ്യം: പാറ ഖനനവും മണൽ ഖനനവും നിർത്തുമ്പോൾ അത് മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരേണ്ടേ? അപ്പോഴതിനു ചെലവു കൂടില്ലേ? സാധാരണക്കാരന്റെ വീടുപണി ചെലവു വര്ധിപ്പിക്കില്ലേ?

ഉത്തരം: തീർച്ചയായും മണലും പാറയും മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരേണ്ടി വരും. പക്ഷെ, അതിന്റെ ക്രമാതീതമായ ഉപയോഗമുള്ളതരം മറ്റു നിർമ്മാണങ്ങൾ നിയന്ത്രിക്കുന്നതോടെ ഡിമാന്റ് കുറയും, വിലക്കയറ്റം ഉണ്ടാകാൻ ഇടയില്ല. ഇപ്പോൾത്തന്നെ വീടുപണിക്ക് ആവശ്യമായ സിമന്റ്, കമ്പി, മാർബിൾ, കടപ്പ, ടൈൽസ്, ഗ്രാനൈറ്റ് എന്നിവ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത് എന്നതിനാൽ വലിയ വീട് പണിയുന്നവർക്ക് താരതമ്യേന വലിയ വിലവ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാൽ സാധാരണക്കാരനുണ്ടാകുന്ന അധികബാദ്ധ്യത സർക്കാർ മറ്റുവിധത്തിൽ പരിഹരിച്ചില്ലെങ്കിൽ അധികബാധ്യത വരുന്നതാണ്.